കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംൽഎ ഇന്നലെ ഐസിയുവില്‍ എഴുന്നേറ്റിരുന്നു. സ്വന്തം കൈപ്പടയിൽ ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് കുറിച്ച് മക്കൾക്ക് നൽകി. എംൽഎയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് പ്രതീക്ഷയുണർത്തി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പുറത്തുവന്നത്.
കലൂരിൽ നടന്ന നൃത്ത പരിപാടിക്കിടെ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് ആദ്യമായാണു എഴുന്നേറ്റിരുന്നത്. ശരീരത്തിന്റെ വേദനയ്ക്കിടയിലും വീട്ടിലെ കാര്യങ്ങൾ മക്കളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കുറിപ്പ് എഴുതി നൽകിയത്. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് പേപ്പറിൽ എഴുതിയത്. വാടകവീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മക്കളെ ഓർമിപ്പിച്ചു കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമാ തോമസ് എംഎല്‍എയും മക്കളും താമസിച്ചിരുന്നത്. പണി പൂര്‍ത്തിയായി സ്വന്തം വീട്ടിലേക്ക് മാറാനിരിക്കുമ്പോഴായിരുന്നു അപകടം. വീട്ടിലേക്കു മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിച്ചാണു കുറിപ്പെഴുതിയത്. 2 ദിവസത്തിനകം വെന്റിലേറ്റർ മാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
Post Your Comments