കോട്ടയം: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അവതരിപ്പിച്ച നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഗിന്നസ് പക്രു. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്നാണ് കലൂർ സ്റ്റേഡിയത്തിൽ ഭരതനാട്യം അവതരിപ്പിച്ചത്. നൃത്ത പരിപാടി ലോക റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ ഗിന്നസ് റെക്കോഡ് മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പരിപാടി അവതരിപ്പിക്കുന്നതെങ്കിൽ സാമ്പത്തിക ലാഭം ഉണ്ടാകില്ലെന്ന് നടൻ വ്യകത്മാക്കി.
ഗിന്നസ് റെക്കോഡിന്‍റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഗിന്നസ് പക്രു ആവശ്യപ്പെട്ടു. ഗിന്നസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം. ഇക്കാര്യം തന്നോട് പലരും ചോദിക്കാറുണ്ട്. ഗിന്നസ് റെക്കോഡ് കിട്ടിയത് കൊണ്ട് സാമ്പത്തിക ലാഭമില്ല. കാര്യങ്ങൾ അറിയാതെ പലരും തട്ടിപ്പിൽ പെടാറുണ്ട്. ഗിന്നസ് റെക്കോഡിനായി പണം കൊടുത്ത പലരും ചതിക്കപ്പെടാറുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ആയിരിക്കും പലർക്കും ലഭിക്കാറുള്ളത്. ഗിന്നസ് റെക്കോഡ് നേടുക അത്ര എളുപ്പമല്ല. റെക്കോഡുകൾ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൊണ്ട് പ്രത്യേക ഗുണമില്ല. റെക്കോഡുകൾ ബ്രേക്ക് ചെയ്യപ്പെടാനുള്ളത്. ഒരു സർട്ടിഫിക്കറ്റ് ആയി കൈയിൽവെക്കാം എന്നത് മാത്രമാണ് റെക്കോഡ് എന്നും ഗിന്നസ് പക്രു പറഞ്ഞു.
ആൾക്കൂട്ടത്തിന്റെ പരിപാടി സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതൽ വേണം. സുരക്ഷാവീഴ്ച സംഭവിക്കുന്നത് നിർഭാഗ്യകരമാണ്. സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഗിന്നസ് പക്രു വ്യക്തമാക്കി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്ക് എത്തിച്ചേർന്ന തൃക്കാക്കര എം.എൽ.എ ഉമ തോമസ് സ്റ്റേജിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന എം.എൽ.എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ വീഴ്ചയും നടൻ ചൂണ്ടിക്കാട്ടി.
Post Your Comments