KeralaLatest News

കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങിമരിച്ചു : മുറിയിൽ പൂട്ടിയിട്ട വളർത്തുനായകളും തീപിടിത്തത്തിൽ ചത്തു

റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു

കണ്ണൂര്‍ : കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം.

റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു.

തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുറിയിൽ പെട്രോള്‍ ഒഴിച്ചശേഷവും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷവുമാണ് തീ കൊളുത്തിയത്. തീയിടുമ്പോള്‍ കെയര്‍ ടേക്കറായ പ്രേമനും പൊള്ളലേറ്റിരുന്നു. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം.

റിസോര്‍ട്ടിൽ 12 വര്‍ഷത്തിലധികമായി കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നയാളാണ് പ്രേമനെന്ന് പോലീസ് പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button