ദുബായ് : അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2025 ജനുവരി 3 ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ ഈന്തപ്പഴ ഉത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 3ന് ആരംഭിക്കുന്ന അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവൽ ജനുവരി 8 വരെ തുടരും. അബുദാബിയിലെ അൽ ഐൻ നഗരത്തിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഈ മേളയുടെ ഭാഗമായി ഈന്തപ്പഴ വിളവെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആഘോഷങ്ങൾ, മത്സരങ്ങൾ മുതലായവ സംഘടിപ്പിക്കുന്നതാണ്. ഏതാണ്ട് 1.7 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനത്തുകയാണ് ഈ മേളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈന്തപ്പഴ ലേലം, ഈന്തപ്പഴ കടകൾ, പരമ്പരാഗത മാർക്കറ്റ്, ഹെറിറ്റേജ് വില്ലേജ്, പ്രദർശകരുടെ പവലിയനുകൾ, കുട്ടികൾക്കുള്ള മേഖലകൾ, സ്ത്രീകൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനം, ഫോട്ടോ പ്രദർശനം, കലാപരിപാടികൾ, നാടോടികലാരൂപങ്ങൾ തുടങ്ങിയവയെല്ലാം ഈ മേളയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments