കണ്ണൂർ: യുവതിയെ മദ്യംനൽകി ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ. സേലം സ്വദേശിനി മലർ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതികൾ 23,000 രൂപ പിഴയടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയിൽ പറയുന്നു.
2022 ജൂൺ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടിൽനിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് പ്രതികൾ മദ്യംനൽകിയ ശേഷം ബലാത്സംഗം ചെയ്തത്. മലരിന്റെ ഒത്താശയോടെ വിജേഷും മുസ്തഫയും ചേർന്ന് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് കേസ്.
കൂലിവേല ചെയ്യാനാണ് മലരിനൊപ്പം യുവതി കണ്ണൂരിലെത്തിയത്. തോട്ടടയിലുള്ള വാടകവീട്ടിലെത്തിച്ച് മദ്യംകുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികൾ കണ്ണൂർ എ.സി.പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പിടിയിലായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.പ്രീതാകുമാരി ഹാജരായി.
Post Your Comments