ബികാനീർ: തിങ്കളാഴ്ച ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൈനികൻ മരിച്ചു. ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ എന്ന ജവാനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്. വാരിയെല്ലുകൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സൈനികന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത് മൂന്ന് ദിവസം മുൻപാണെന്ന് പോലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പുറകിലായുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ചന്ദ്ര പ്രകാശ് പട്ടേലിനെ സൂരത്ഗർ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലുകൾക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സൂരത്ഗർ ആർമി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിക്കുകയാണ് ചന്ദ്രപ്രകാശ് പട്ടേൽ. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമാണ്.
Post Your Comments