പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ മാത്യു, നിതിൻ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
മലേഷ്യയിലുണ്ടായിരുന്ന മകളെ എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്.ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്നു പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Leave a Comment