India

നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു : ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതി തീരുമാനിക്കും

അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്

ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പോലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്.

വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍.

ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ഇതിനുള്ള രേഖകൾ എവിടെയെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. എസ്എച്ച്ഒ ഈ വിവരം അല്ലു അർജുന്‍റെ ടീമിനെ അറിയിച്ചിരുന്നെന്നും രേഖകൾ ഹാജരാക്കാമെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ രേഖകൾ ഹാജരാക്കുന്നത് വരെ അല്ലു അർജുന് ജാമ്യം നൽകരുതെന്നും ഉച്ചയ്ക്ക് ശേഷം അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചതിനാൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചു.

നിലവിൽ 11-ാം പ്രതിയായ അല്ലു അർജുനെ റിമാൻഡ് ചെയ്ത വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അറസ്റ്റിനും റിമാൻഡിനും ശേഷം ഉടൻ തന്നെ ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയോട് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button