ഹൈദരാബാദ് : ഒരു രാത്രി മുഴുവൻ തന്നെ ജയിലിലടച്ചത് ചോദ്യം ചെയ്ത് നടന് അല്ലു അര്ജുന് കോടതിയിലേക്ക്.
ഇടക്കാലജാമ്യം ലഭിച്ചിട്ടും സാങ്കേതികകാര്യം പറഞ്ഞ് ജയിലിലടച്ചതിലാണ് നടൻ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
അല്ലുവിനെ കസ്റ്റഡിയിലെടുത്തതും ജയിലിലേക്കയച്ചതും അനധികൃതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അശോക് റെഡ്ഡി പറഞ്ഞു.
പുഷ്പ-2 സിനിമയുടെ പ്രഥമപ്രദര്ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ വെള്ളിയാഴ്ച അറസ്റ്റുചെയ്ത് ചഞ്ചല്‍ഗുഡ ജയിലിലടച്ച അല്ലു അര്ജുന് ശനിയാഴ്ച രാവിലെയാണ് മോചിതനായത്.
തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവ് എത്താന്‍ വൈകിയെന്ന കാരണത്താലാണ് മോചനം നീണ്ടത്. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണ് ഞാന്‍. അന്വേഷണവുമായി സഹകരിക്കും. സാധ്യമായ എല്ലാ വിധത്തിലും ആ കുടുംബത്തെ സഹായിക്കാന്‍ ഞാനുണ്ടാകുമെന്ന് മോചിതനായശേഷം വീട്ടിലെത്തിയ അല്ലു പറഞ്ഞു.
തിയേറ്ററിന് പുറത്തുനടന്ന ദാരുണമായ സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും വ്യക്തമാക്കി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്നിലെ ഗേറ്റ് വഴിയാണ് നടനെ പുറത്തിറക്കിയത്.
Post Your Comments