ന്യൂദല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
വ്യക്തിപരമായ വിദ്വേഷം മുന്‍നിര്‍ത്തി പലരും സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി സുപ്രീംകോടതി പറഞ്ഞു. ഗാര്‍ഹിക തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ രാജ്യത്ത് വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടെ സ്ത്രീധന നിരോധന നിയമം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
കൃത്യമായ തെളിവുകളില്ലാതെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നിയമം ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നിയമത്തിന്റെ ഉദ്ദേശശുദ്ധി ഇല്ലാതാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമം പ്രതികാരത്തിന് ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ കോടതികള്‍ ജാഗ്രത പുലര്‍ത്തണം. അത്തരം കേസുകള്‍ പരിഗണയില്‍ വന്നാല്‍ തള്ളിക്കളയണമെന്നും സുപ്രീംകോടതി കീഴ്‌ക്കോടതികളോട് നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സ്വദേശി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
Post Your Comments