കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് വയ്‌ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റേതാണ് നിരീക്ഷണം. അമ്പലങ്ങൾ ഫ്‌ളക്‌സ് വയ്‌ക്കാനുള്ള സ്ഥലമല്ല, ഭക്തർ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലുള്ളവരുടെ മുഖം കാണാനോ ഫ്ലക്സിലുള്ളവർക്ക് അഭിവാദ്യം അർപ്പിക്കാനോ അല്ല. ക്ഷേത്രോപദേശക സമിതിയുടെ ജോലി ഇതല്ലെന്നും കോടതി പറഞ്ഞു.
ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്‌സ് അടിക്കേണ്ടത്. ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്, അല്ലാതെ ഉടമസ്ഥനല്ല. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇതുപോലെ ഫ്ലക്സ് അടിച്ചുവച്ചതിന് പകരം ആ പണം കൊണ്ട് അന്നദാനം നടത്തിയാൽ അത് ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് പ്രയോജനപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മറ്റ് ക്ഷേത്രങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് നിർദേശിച്ച കോടതി, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് അതിനുള്ള ചുമതല നൽകി.
മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എന്നിവരുടെ ഫോട്ടോയുള്ള ഫ്ലക്സ് ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിലായിരുന്നു സ്ഥാപിച്ചത്. സംഭവം വലിയ വിവാദമാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു.
Post Your Comments