രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്നത്. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം നടത്തുന്നവർക്ക് വിറ്റെന്നും അവിടെ ആടുകൾക്കൊപ്പമാണ് ഇത്രനാളും കഴിഞ്ഞതെന്നുമായിരുന്നു രാജു എന്ന് പേരുള്ള യുവാവ് വെളിപ്പെടുത്തിയത്. ഗാസിയാബാദിലെ ഒരു കുടുംബത്തിന് 30 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ഏഴു വയസുള്ള മകനെ നഷ്ടമായിരുന്നു. അങ്ങനെയാണ് പൊലീസിന്റെ ഇടപെടലിൽ യുവാവ് ഈ കുടുംബത്തോട് ചേർന്നത്. കഴിഞ്ഞയാഴ്ച്ച നടത്ത ഈ പുനസമാഗമം ദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇപ്പോൾ മറ്റൊടു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.
ഗാസിയാബാദിലെ കുടുംബത്തിനൊപ്പം ചേർന്ന ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാൻ സ്വദേശി തട്ടിപ്പുകാരനാണ് എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 1993ൽ ഏഴ് വയസ്സുള്ളപ്പോൾ ആരോ തട്ടിക്കൊണ്ടുപോയ കുട്ടിയാണ് താനെന്നും കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞ് ഇയാൾ പൊലീസിനെ സമീപിച്ചു. തുടർന്ന് ഇയാളെ കുറിച്ച് പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകനെന്ന് തെറ്റിദ്ധരിച്ച് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഒത്തുചേരലിനെക്കുറിച്ച് അന്ന് മാധ്യമങ്ങളോട് രാജു വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ മറ്റിടങ്ങളിൽ നിന്ന് ഇയാളുമായി ബന്ധം സ്ഥാപിച്ച് പലരും എത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് രാജുവിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാക്കി കാണാതായ കുട്ടിയല്ല ഇയാളെന്ന് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇത്തരത്തിൽ ബന്ധം സ്ഥാപിച്ച് വീടുകളിൽ കയറിക്കൂടി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. രാജസ്ഥാൻ സ്വദേശിയായ ഇയാൾ 2005ൽ സമാനരീതിയിൽ കയറിപ്പറ്റിയ കുംടുംബത്തിലും ബന്ധുക്കളുടെ വീട്ടിലും മോഷണം നടത്തി. ഒൻപതോളം വീടുകളിൽ വിവിധ പേരുകളിൽ കഴിഞ്ഞും തട്ടിപ്പ് നടത്തി. 2021ൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
Post Your Comments