തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവുണ്ടാകില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് വിവരാവകാശ കമ്മീഷനിൽ അറിയിച്ചു.
പുറത്ത് വരാത്ത അഞ്ചു പേജുകള്‍ പുറത്തുവിടരുതെന്ന് കാണിച്ചാണ് പുതിയ പരാതി ലഭിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവാരാവകാശ കമ്മീഷന് മുന്നോട്ടുവെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്.
എന്നാൽ, ഇതിനുപുറമേ, റിപ്പോർട്ടിലെ 130 പാരഗ്രാഫുകൾകൂടി ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനെതിരേ നൽകിയ അപ്പീലിലാണ് നിർണായക ഉത്തരവ് പുറത്തുവിടാനിരുന്നത്. റിപ്പോർട്ടിന്റെ പകർപ്പുതേടി മാധ്യമപ്രവർത്തകരാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നത്. ഒട്ടേറെ അപ്പീലിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മീഷൻ അനുമതി നൽകിയത്.
295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മീഷന് ഉത്തരവിട്ടത്. അത് പ്രകാരം 4 പേജുകളും 11 ഖണ്ഡികയുമാണ് ഒഴിവാക്കിയത്.
Post Your Comments