തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ പരാതി പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ് ആണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സുഹൃത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേർ തന്നെ മർദ്ദിച്ചെന്ന് ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് അനസ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.
പരാതി നൽകിയതിന് പിന്നാലെ കോളേജിൽ കയറിയാൽ തല്ലുമെന്നും ഭീഷണിയുണ്ടായതായി അനസ് പറയുന്നു. കന്റോൻമെന്റ് പോലീസിന് പരാതി നൽകിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാർത്ഥിയാണ് മുഹമ്മദ് അനസ്. എസ്എഫ്ഐയിലെ തന്നെ അംഗവുമാണ്.
കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഇവർ മർദ്ദിക്കുകയായിരുന്നു എന്നും മുഹമ്മദ് അനസ് പറയുന്നു.
Post Your Comments