കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും : ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നതെന്നും മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകും.

Share
Leave a Comment