Kerala

ലോഡ്ജ് മുറിയിൽ മൂന്നു ദിവസത്തേക്ക് മുറിയെടുത്ത 35 കാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ ലോഡ്ജുമുറിയിൽ ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേ​ഹം കണ്ടെത്തിയത്. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത തിരുവില്വാമല സദേശി സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ 24-ന് ഞായറാഴ്ച രാത്രി 11-നാണ് സനൂഫും ഫസീലയും ലോഡ്ജിലെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ലോഡ്ജിൽ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാൽ ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിളിച്ചപ്പോൾ ഉണരാത്തതിനാൽ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരിൽ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസത്തിലല്ല അയാൾ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇയാൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. വണ്ടിയുടെ നമ്പർ കണ്ടാണ് സനൂഫ് ഉപയോ​ഗിച്ച കാറാണെന്ന് തിരിച്ചറിഞ്ഞത്.സനൂഫ് ലോഡ്ജിൽ കൊടുത്ത ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കൾ കോഴിക്കോട്ടെത്തി. ലോഡ്ജ് മുറിയിൽനിന്ന് ആധാർകാർഡുൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം കഴിയണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button