വയനാട് ദുരന്തം : കേരളത്തിനുള്ള പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നിർമല സീതാരാമൻ

കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചതാണ് ഇക്കാര്യം

ന്യൂദല്‍ഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ആഗസ്റ്റ് 8, 9, 10 തീയതികളില്‍ വയനാട് സന്ദര്‍ശിക്കുകയും കേരള ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനു ശേഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

അതോടൊപ്പം കേരള സര്‍ക്കാരിന്റെയും വിശദമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വയനാടിന് നല്‍കേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

മാത്രമല്ല കേരളത്തിന് കൂടുതല്‍ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിനും വിഴിഞ്ഞം പ്രോജക്ടിനും നല്‍കേണ്ട കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

Share
Leave a Comment