ന്യൂദല്‍ഹി: സോളാർ വൈദ്യുത കരാറുകൾക്കായി 2,200 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം അദാനിക്കും മറ്റ് ആരോപണ വിധേയര്‍ക്കുമെതിരെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്.
ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും രാജ്യതാൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഈ കുറ്റകൃത്യങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കിയേക്കും.
കൂടാതെ അന്വേഷണങ്ങൾ പൂര്‍ത്തിയാക്കുകയും അതിന്‍റെ റിപ്പോർട്ട് സത്യസന്ധമായി പുറത്തുവിടാൻ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തയ്യാറാകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Leave a Comment