ദുബായ് : അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു. നവംബർ 23 ശനിയാഴ്ചയാണ് സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത് പതിപ്പ് നടന്നത്.
എർത് അബുദാബി ഹോട്ടലിൽ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് ഈ മത്സരഓട്ടം സംഘടിപ്പിച്ചത്. ‘റൺ ഫോർ കൈൻഡ്‌നസ്സ്’ എന്ന ആശയം ഉൾക്കൊള്ളുന്ന സായിദ് ചാരിറ്റി റൺ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
യു എ ഇ, ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ പങ്കെടുത്ത സായിദ് ചാരിറ്റി റൺ 2024-ൽ 115-ൽ പരം സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാർത്ഥികളും പങ്കെടുത്തു. മൂന്ന്, അഞ്ച്, പത്ത് കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സായിദ് ചാരിറ്റി റൺ നടത്തിയത്.
ഇത്തവണത്തെ സായിദ് ചാരിറ്റി റണിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും നാഷണൽ മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റിയിലേക്ക് സംഭാവന ചെയ്യുന്നതാണ്. മൾട്ടിപ്പിൾ സ്ക്ളീറോസിസ് ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് പിന്തുണ നല്കുന്നതിനായാണ് നാഷണൽ മൾട്ടിപ്പിൾ സ്ക്ളീറോസിസ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
Post Your Comments