പാലക്കാട് ഇന്ന് വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

ഉപതിര‍‍ഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ നിശ്ശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ അപ്രതീക്ഷിത ട്വിസ്റ്റുകളും വിവാ​ദങ്ങളും നിറഞ്ഞതായിരുന്നു പാലക്കാട്ടെ തെരഞ്ഞെടുപ്പ്​ ​ഗോദ. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കുന്നത്.

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. 1,94,706 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതി‍ൽ 1,00,290 പേർ വനിതകളാണ്. 85 വയസ്സിനു മുകളിലുള്ള 2306 വോട്ടർമാരുണ്ട്. 780 പേർ ഭിന്നശേഷി വോട്ടർമാരാണ്.

4 ട്രാൻസ്ജെൻഡർ വോട്ടർമാരും 229 പ്രവാസി വോട്ടർമാരുമുണ്ട്. 2445 പേർ കന്നി വോട്ടർമാരാണ്. 4 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 184 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 736 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് നടപടികൾ വെബ് കാസ്റ്റിങ് നടത്തും. 23നാണു വോട്ടെണ്ണൽ.

Share
Leave a Comment