ദുബായ് : മുംബൈ, ദൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. ഡിസംബർ 8 മുതൽ ദൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ ഫ്ലൈറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഡിസംബർ 17 മുതൽ മുംബൈയിൽ നിന്നുള്ള ഒമാൻ എയർ ഫ്ലൈറ്റുകളുടെ എണ്ണത്തിലും സമാനമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. അതേ സമയം തങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ എയർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ലക്‌നൗ എന്നീ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്കുളള സർവീസുകളിൽ യാത്രികരുടെ എണ്ണം കൂട്ടുന്നതിന് ഒമാൻ എയർ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തേക്ക് പ്രതിവാരം അഞ്ച് വിമാനസർവീസുകളാണ് ഒമാൻ എയർ പ്രഖ്യാപിച്ചിരുന്നത്.
കൂടാതെ ആഗോളതലത്തിൽ ഏതാനം റൂട്ടുകൾ നിർത്തലാക്കാനും ഒരു പുതിയ റൂട്ട് ആരംഭിക്കാനും ഒമാൻ എയർ തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിയാൽകോട്ടിലേക്കാണ് ഒമാൻ എയർ പുതിയതായി സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്ലാമബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോങ് എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കുന്നതായും ഒമാൻ എയർ അറിയിച്ചിരുന്നു.
Leave a Comment