കോഴിക്കോട്: ബിജെപിയിൽ നിന്നും കൂറുമാറി കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് പാർട്ടി നൽകിയ സ്വീകരണത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വലിയ സ്വീകരണം നല്‍കിയതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ ഒരു പഴയ മലയാളം സിനിമാ ഗാനം പങ്കുവച്ചാണ് കെ മുരളീധരൻ അതൃപ്തി തുറന്നു പ്രകടിപ്പിച്ചത്.
പകല്‍ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ… എന്ന വരികളാണ് അദ്ദേഹം പങ്കുവെച്ചത്. 1972 ല്‍ പുറത്തിറങ്ങിയ ബ്രഹ്‌മചാരി എന്ന ചിത്രത്തിലെ ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണിത്. ഫെയ്‌സ്ബുക്കിലെ പോസ്റ്റില്‍ കമന്റുകളുമായി കോണ്‍ഗ്രസ് അണികളും രംഗത്തെത്തി. ഞാൻ ഞാൻ ഞാനെന്ന ഭാവം വി.ഡി. സതീശനെ ഉദ്ദേശിച്ചാണോ എന്നാണ് കമന്റുകളില്‍ കൂടുതല്‍ പേരും ചോദിക്കുന്നത്.
read also: നേപ്പാൾ സന്ദർശിക്കാനൊരുങ്ങി കരസേനാ മേധാവി ജനറൽ ദ്വിവേദി
മാദ്ധ്യമങ്ങളെ കണ്ടപ്പോഴും കെ മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കി. പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കില്‍ വയനാട് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയെങ്കിലും പ്രചാരണത്തിന് പോകാമായിരുന്നു. അത്രയേറെ രാഹുല്‍ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിട്ടുളള ആളാണ്. ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ജോഡോ യാത്ര നടത്തേണ്ടത് കശ്മീരിലേക്കല്ല ആൻഡമാൻ നിക്കോബാറിലേക്കാണെന്നും അവിടെ സവർക്കറെ പാർപ്പിച്ച മുറിയില്‍ പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നും പറഞ്ഞ ആളാണ്. രാഹുല്‍ ഗാന്ധിയെ ചികിത്സയ്‌ക്കായി കോട്ടയ്‌ക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കോട്ടയ്‌ക്കലല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞതും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
‘മറ്റ് പല പാർട്ടികളും നോക്കി നടന്നില്ല ഏതായാലും കോണ്‍ഗ്രസിലേക്ക് വന്നു. സ്വാഗതം. പക്ഷെ ഒരു കാര്യമേയുളളൂ, ഈ സ്‌നേഹത്തിന്റെ കടയിലെ മെമ്ബർഷിപ്പ് എന്നും നിലനില്‍ക്കണം. തുടർന്നുളള എല്ലാ കാലഘട്ടത്തിലും രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നും’ കെ മുരളീധരൻ പറഞ്ഞു.
Leave a Comment