വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇ പി ജയരാജൻ തലസ്ഥാനത്ത് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ആത്മകഥിയിലേതെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്ന നിലപാട് തന്നെയായിരിക്കും ഇ പി ജയരാജന്‍ യോഗത്തില്‍ സ്വീകരിക്കുക

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്റെ ആത്മകഥ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കെയാണ് പാർട്ടി യോഗം നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാനായി ഇ പി ജയരാജന്‍ തലസ്ഥാനത്തെത്തി.

എന്നാല്‍ വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

ആത്മകഥ വിവാദങ്ങളില്‍ ഇ പി ജയരാജന്‍ യോഗത്തില്‍ വിശദീകരണം നല്‍കിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ആത്മകഥിയിലേതെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്ന നിലപാട് തന്നെയായിരിക്കും ഇ പി ജയരാജന്‍ യോഗത്തില്‍ സ്വീകരിക്കുക.

എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്സുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ഇ പിയുടെ വാദം.

നേരത്തെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞത്.

Share
Leave a Comment