ബലൂചിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ : ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 21 പേർ

സ്‌ഫോടനമുണ്ടാവുമ്പോള്‍ നൂറോളം പേര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്നു

ലാഹോര്‍ : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ശനിയാഴ്ച റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റു.

ചാവേര്‍ സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ബലോച് പറഞ്ഞു. സ്‌ഫോടനമുണ്ടാവുമ്പോള്‍ നൂറോളം പേര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം സംബന്ധിച്ച് ഇപ്പോള്‍ സ്ഥിരീകരണം നല്‍കാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് പറഞ്ഞു.

അതേ സമയം പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാനടപടികൾ നടത്തുന്നുണ്ടെന്നും ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് പറഞ്ഞു. പ്രദേശത്ത് ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെ എത്തി പരിശോധന നടത്തുന്നുണ്ട്.

അതേ സമയം ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിക്കുകയും അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Share
Leave a Comment