ന്യൂദൽഹി: ദീപാവലിക്ക് മുന്നോടിയായി ദൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 86,000 പുതിയ വാഹനങ്ങൾ ദൽഹി ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്തതോടെ ഉത്സവ സീസണിലെ വാഹന വിൽപ്പനയിൽ പുതിയ റെക്കോഡാണ് സൃഷ്ടിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ഒക്ടോബർ 30 വരെ ഗതാഗത വകുപ്പിൽ 86,000 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നികുതി ഇനത്തിൽ മാത്രം 366 കോടി രൂപ വരുമാനം ലഭിച്ചതായും അവർ പറഞ്ഞു.
എന്നാൽ കാറുകളെ അപേക്ഷിച്ച് ഫെസ്റ്റിവൽ വിൽപന തിരക്കിനിടെ സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും വിൽപ്പന കുറഞ്ഞതായിട്ടാണ് കാണിക്കുന്നത്. വ്യാഴാഴ്ച ആഘോഷിച്ച ദീപാവലിക്ക് മുന്നോടിയായി ഒക്ടോബറിൽ കാറുകളും എസ്‌യുവികളും ഉൾപ്പെടെ വിറ്റുപോയ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ എണ്ണം 22,000 കവിഞ്ഞു. ബാക്കിയുള്ള 56,000 വാഹനങ്ങൾ നോൺ ട്രാൻസ്‌പോർട്ട് ഇരുചക്രവാഹനങ്ങളാണ്.
അതേ സമയം 2023 നവംബറിലെ ഫെസ്റ്റിവൽ സീസണിൽ 57,000 ലധികം നോൺ ട്രാൻസ്‌പോർട്ട് ഇരുചക്രവാഹനങ്ങളും 18,635 കാറുകളും ഉൾപ്പെടെ 80,854 പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് രേഖപ്പെടുത്തിരുന്നതെന്ന് അധികൃതർ അറിയിച്ചു.
Leave a Comment