കൊല്ലം: കൊല്ലത്തെ സീരിയൽ നടിക്ക് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നയാളെ പൊലീസ് പിടികൂടിയത് രഹസ്യ നീക്കത്തിലൂടെ. എംഡിഎംഎയുമായി നടി ഷംനത്ത് അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽ പോയ കടയ്ക്കൽ സ്വദേശിയായ നവാസിനെയാണ് പൊലീസ് അതിവിദഗ്ധമായി പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് നവാസെന്ന് പൊലീസ് വ്യക്തമാക്കി. നവാസിനെതിരെ ഇരുപതോളം കേസുകളുണ്ട്. വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായാണ് ഇയാൾക്കെതിരെ ഇത്രയും കേസുകളുള്ളത്.
തെക്കൻ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ നവാസ് കാപ്പനിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. താൻ നേരിട്ടാണ് നടിക്ക് എംഡിഎംഎ എത്തിച്ചു നൽകിയിരുന്നതെന്ന് പ്രതി സമ്മതിച്ചു. പാർവതി എന്ന പേരിൽ അറിയപ്പെടുന്ന ഷംനത്തുമായി വർക്കല ബീച്ചിൽ വച്ചാണ് നവാസ് പരിചയപ്പെടുന്നത്. 36 കാരിയായ ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. എംഡിഎംഎ വാങ്ങുന്നതിന് വേണ്ടിയാണ് നടി വർക്കല എത്തിയിരുന്നത്. വർക്കല കേന്ദ്രീകരിച്ചാണ് നവാസിൻ്റെ ലഹരി മരുന്ന് കച്ചവടം. ലഹരി മരുന്ന് വിൽപനയിലൂടെ ഷംനത്തും നവാസും തമ്മിൽ സൗഹൃദത്തിലായി. പതിയെ നവാസിൻ്റെ നാടായ കടയ്ക്കലിൽ എത്തിയും ഷംനത്ത് എംഡിഎംഎ വാങ്ങാൻ ആരംഭിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി സീരിയൽ നടിയായ ഷംനത്തിനെ അറസ്റ്റ് ചെയ്തത്. നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി പതിനെട്ടാം തീയതി ചിറക്കരയിലെ വീട്ടിൽ പരവൂർ പൊലീസ് റെയിഡ് നടത്തിയത്. കിടപ്പുമുറിയിലെ മേശയ്ക്കുള്ളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. കടയ്ക്കൽ സ്വദേശിയായ നവാസാണ് ലഹരി മരുന്ന് നൽകിയതെന്ന് നടി പറഞ്ഞിരുന്നു. ഷംനത്ത് പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ നവാസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments