പാലക്കാട്: മതിയായ രേഖകളില്ലാതെ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടി രൂപയോളം പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്തുവീട്ടിൽ ഷജീറാണ് (35) ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ 49,82,500 രൂപയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മണ്ണാർക്കാട് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അട്ടപ്പാടി ചുരത്തിനു താഴെ ആനമൂളി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. കോയമ്പത്തൂർ ഭാഗത്തുനിന്ന് അട്ടപ്പാടിവഴി വരികയായിരുന്നു ഷജീർ. പെട്രോൾടാങ്കിലും പിൻസീറ്റിലുമുള്ള രഹസ്യ അറകളിലായാണ് 500 രൂപയുടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. ആകെ 49,82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി. സി. സുന്ദരൻ പറഞ്ഞു.
രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കോടതിനിർദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് സി.ഐ. എം.ബി. രാജേഷ്, എസ്.ഐ.മാരായ എം. അജാസുദ്ദീൻ, അബ്ദുൾ നാസർ, എ.എസ്.ഐ.മാരായ ശ്യാംകുമാർ, പ്രശോഭ്, മറ്റു ഉദ്യോഗസ്ഥരായ സുനിൽ, കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Leave a Comment