പിസയോടൊപ്പം കോഡ് പറഞ്ഞാല്‍ റെസ്റ്റോറന്റില്‍ നിന്ന് കൊക്കെയ്നും

ബെര്‍ലിന്‍: പിസയോടൊപ്പം ലഹരിപദാര്‍ത്ഥമായ കൊക്കെയ്നും വിതരണം ചെയ്ത പിസ റെസ്‌റ്റോറന്റ് മാനേജരെ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ റെസ്‌റ്റോറന്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ റെസ്‌റ്റോറന്റ് മെനുവിലെ 40-ാം നമ്പര്‍ പിസ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് അതിനോടൊപ്പം കൊക്കെയ്നും ലഭിക്കുന്നത്. ഇവിടെയെത്തുന്നവരില്‍ അധികവും ഓര്‍ഡര്‍ ചെയ്യുന്ന വിഭവവും ഇതാണെന്ന് ക്രിമിനല്‍ ഡയറക്ടര്‍ മൈക്കിള്‍ ഗ്രാഫ് വോണ്‍ മോള്‍ട്ട്കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also: കശ്മീരിലെ ഭീകരാക്രമണം : 40 പേരെ ചോദ്യം ചെയ്തു

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റെസ്റ്ററന്റിലെ ഈ പ്രത്യേക വിഭവത്തെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചത്. പിന്നീട് ഡ്രഗ് സ്‌ക്വാഡും റസ്റ്ററന്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. അപ്പോഴാണ് മെനുവിലെ 40-ാം നമ്പര്‍ വിഭവം നിരവധി പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനുപിന്നാലെ റെസ്റ്ററന്റ് മാനേജരുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അതിനിടെ ഇയാള്‍ ഒരു വലിയ ബാഗ് ജനലില്‍ കൂടി താഴേക്ക് വലിച്ചെറിഞ്ഞു. ഈ ബാഗ് പോലീസിന് ലഭിക്കുകയും ചെയ്തു. 1.6 കിലോഗ്രാം കൊക്കെയ്ന്‍, 400 ഗ്രാം കഞ്ചാവ്, കുറച്ച് പണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് ഡസല്‍ഡോര്‍ഫ് പോലീസ് പറഞ്ഞു. തുടര്‍ന്ന് റസ്റ്ററന്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.

Share
Leave a Comment