KeralaLatest News

കൊക്കെയ്ന്‍ കേസ് : നടൻ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനായി : എക്‌സൈസിന് ശാസ്ത്രീയമായി തെളിയിക്കാനായില്ല

ഏഴ് ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പേരെയാണ് എക്‌സൈസ് റെയ്ഡിലൂടെ പിടികൂടിയത്

കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസിൽ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് എക്‌സൈസിന് ശാസ്ത്രീയമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് വിചാരണക്കോടതിയുടെ നടപടി.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബംഗളൂര്‍ സ്വദേശി ബ്ലെസി സില്‍വസ്റ്റര്‍, കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, കോട്ടയം സ്വദേശി സ്‌നേഹ ബാബു എന്നിവരെയും കോടതി വെറുതെവിട്ടു.

ഏഴ് ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പേരെയാണ് എക്‌സൈസ് റെയ്ഡിലൂടെ പിടികൂടിയത്. 2015 ജനുവരി 30നായിരുന്നു കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലെ എക്‌സൈസ് റെയ്ഡ്. ഒന്നാംപ്രതി രേഷ്മ രംഗസ്വാമി, രണ്ടാംപ്രതി ബ്ലസി സില്‍വസ്റ്റര്‍ എന്നിവര്‍ ഫോണില്‍ പകര്‍ത്തിയ കൊക്കെയ്ന്‍ ദൃശ്യങ്ങള്‍ എക്‌സൈസ് തെളിവായി കണ്ടെത്തിയിരുന്നു.

ഡിജിറ്റല്‍ തെളിവുകളുള്ള അപൂര്‍വ്വം കേസാണിതെന്നായിരുന്നു എക്‌സൈസ് നിലപാട്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ രണ്ട് മാസത്തോളമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസകരമായ വിധി പുറത്തുവന്നത്. 2018ലാണ് എറണാകുളം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button