കണ്ണൂര്‍: എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു.
കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
അതിനിടെ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച് ടി വി പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തന്‍ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയത്.
Post Your Comments