കടകള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് തട്ടിപ്പ് നടത്തുന്നതായി പരാതി

തിരുവനന്തപുരം: കല്ലമ്പലം മേഖലയില്‍ കടകള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് തട്ടിപ്പ് നടത്തുന്നതായി പരാതി. നവായിക്കുളത്തെ പലച്ചരക്ക് കടയിലാണ് യുവാവ് ആദ്യമായി തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടതോടെ കടയുടമ പരാതി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ മറ്റ് കടയുടമകളും പരാതിയുമായെത്തി.

Read Also: എം.എം ലോറന്‍സിന്റെ മൃതദേഹം എന്തു ചെയ്യണം; ഹൈക്കോടതി 23 ന് വിധി പറയും

ഫോണ്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ അറിയാത്ത സാധാരണ കടകളിലാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. കടകളില്‍ കയറി 180 രൂപയ്ക്ക് സിഗററ്റ് ആവശ്യപ്പെടും. തുടര്‍ന്ന് കയ്യില്‍ പണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍ പേ വഴി പണം അയക്കാമെന്ന് യുവാവ് കടക്കാരനോട് പറയും. ഇത് പ്രകാരം നമ്പര്‍ കൈമാറുമ്പോള്‍ 180 രൂപയ്ക്ക് പകരം ഒരു പൂജ്യം കൂടി പോയെന്നും 1800 രൂപ അയച്ചെന്നും യുവാവ് കടക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കും.

സിഗററ്റിന്റെ പൈസ കിഴിച്ച് ബാക്കി പൈസ തനിക്ക് നല്‍കണമന്നും ഇയാള്‍ ആവശ്യപ്പെടും. ഫോണ്‍ കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്ത കടക്കാരില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ നിരവധി തവണ പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

നവായിക്കുളത്തെ സീത സ്റ്റോറിലുള്ള കടക്കാരന് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അക്കൗണ്ട് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പണമൊന്നും കയറിയില്ലെന്ന കാര്യം വ്യക്തമായത്. എന്നാല്‍ യുവാവ് പണം തട്ടിയെടുത്ത് മുങ്ങിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം സഹിതം കടയുടമ പൊലീസില്‍ പരാതി നല്‍കി.

പുല്ലൂര്‍ മുക്കിലും പള്ളിക്കല്‍, മടവൂര്‍ മേഖലകളിലും കച്ചവട സ്ഥാപനങ്ങള്‍ നിന്ന് ഇതേ യുവാവ് സമാന തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. .ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Share
Leave a Comment