കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നിയമപരമായി നില നിലനില്‍ക്കില്ലെന്നുമാണ് ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി.
വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീല്‍ നല്‍കും.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Post Your Comments