KeralaIndia

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണികൾ ഉണ്ടായേക്കും, ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അ​ഗർവാൾ കേരളത്തിലേക്ക്

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണികൾ നടത്താനൊരുങ്ങുന്നുവെന്ന് മാധ്യമ റിപ്പോർട്ട് . ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാൾ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതിനാലാണ് പോലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തുന്നത്. നിധിൻ അ​ഗർവാളിനെ കേരളത്തിലേക്കയച്ചെങ്കിലും അവധിയിൽ പോയിരുന്നു. ഈ മാസം പകുതിയോടെ അവധി തീരുന്നതിനാൽ കേരളത്തിൽ എത്തും.

നിധിൻ അ​ഗർവാൾ കേരളത്തിലെത്തുന്നതോടെ അദ്ദേഹമായിരിക്കും ഏറ്റവും സീനിയർ ഡിജിപി. നിലവിൽ, സംസ്ഥാന പൊലീസ് മേധാവിയെക്കാളും സീനിയറാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ. അദ്ദേഹത്തെക്കാളും സീനിയറാണ് നിധിൻ അഗർവാൾ. ഇതോടെ നിധിന് സ്വതന്ത്ര ചുമതലതന്നെ നൽകേണ്ടിവരും. അങ്ങനെ വന്നാൽ ജയിൽ മേധാവിയായി നിയമിക്കാനാണ് സാധ്യത. നിലവിൽ 4 ഡിജിപി തസ്തികയിലും ആളുണ്ട്. അതിനാൽ നിധിൻ അഗർവാളിന് താൽക്കാലിക ഡിജിപി തസ്തികയുണ്ടാക്കി നൽകേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനിലെ ഡിജിപി തസ്തികയിൽ സഞ്ജീവ് കുമാർ പട്ജോഷി ഡിസംബറിൽ വിരമിക്കുകയാണ്.

2025 ഏപ്രിലിലാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ വിരമിക്കുന്നത്. നിലവിലുള്ള സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് അടുത്ത ജൂണിൽ വിരമിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമാണ് നിലവിലെ സീനിയർ എഡിജിപി. പത്മകുമാർ വിരമിക്കുമ്പോൾ മനോജ് ഏബ്രഹാം ഡിജിപി പദവിയിലെത്തും. അതിനും ശേഷമാണ് എം.ആർ.അജിത്കുമാർ ഡിജിപി പദവിയിലെത്തേണ്ടിയിരുന്നത്. നിലവിലുള്ള വിവാദങ്ങളും വിജിലൻസ് കേസ് അന്വേഷണവും അദ്ദേഹത്തിന് തടസ്സമായേക്കാം. ഇതോടെ, പിന്നാലെ സ്ഥാനക്കയറ്റം ലഭിക്കേണ്ട എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്താം. നിലവിൽ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആണ് ശ്രീജിത്ത്.

നിധിൻ അഗർവാൾ ജയിൽ മേധാവിയാകുകയാണെങ്കിൽ, നിലവിൽ ആ തസ്തികയിലുള്ള എഡിജിപി ബൽറാംകുമാർ ഉപാധ്യായയ്ക്ക് പകരം സ്ഥാനം നൽകേണ്ടിവരും. നിലവിൽ പൊലീസ് അക്കാദമി (കെപ്പ) ഡയറക്ടർ, വിജിലൻസ് എഡിജിപി, കോസ്റ്റൽ എഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നീ പദവികളിലേക്ക് എഡിജിപിമാരെ നിയമിക്കാനുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് ഇൗമാസം തിരിച്ചുവരേണ്ട എഡിജിപി ദിനേന്ദ്ര കശ്യപ് ഒരു വർഷം പഠനാവധിയെടുത്തതോടെ, 3 തസ്തികയിൽ എഡിജിപിമാരില്ലാതെ ഒഴിഞ്ഞുകിടക്കും.

കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണ , പൊലീസ് ആസ്ഥാനത്തെ ഡിഐജി ജെ.ജയനാഥ് എന്നിവർക്ക് ഡിസംബറിൽ ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനാൽ. ജനുവരിയിലും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button