കൊച്ചി: ബെംഗളൂരു എയർപോർട്ടിൽ മൂന്നര കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിവീണു. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കോക്കിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ മാസം 27 ന്, മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്റുഫെന്നാണ് വിവരം. ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്.പി. കെ. രാമരാജൻ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചിരുന്നു. തുടർന്ന് പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മടിക്കേരി പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയായ ഈ ലഹരി വസ്തുവിന് കിലോയ്ക്ക് ഒരു കോടിയിൽ ഏറെയാണ് വില.
Post Your Comments