Latest NewsKeralaIndia

കുമരകത്ത് കാർ പുഴയിൽ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി: എത്തിയത് താമസസ്ഥലം അന്വേഷിച്ച്

കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ മഹാരാഷ്ട്ര താനെ സ്വദേശിയായ ശൈലി രാജേന്ദ്ര സര്‍ജയാണ്. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

ഓഫീസ് ആവശ്യങ്ങള്‍ക്കായി ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ഇരുവരും താമസ സ്ഥലം അന്വേഷിച്ചാണ് കുമരകം ഭാഗത്തെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കോട്ടയം കുമരകം ചേര്‍ത്തല റൂട്ടില്‍ കൈപ്പഴ മുട്ടില്‍ പാലത്തിനോട് ചേര്‍ന്നുള്ള റോഡിലായിരുന്നു അപകടമുണ്ടായത്. പാലം കയറുന്നതിന് പകരം നേരെ പോയി കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് പുഴയില്‍ നിന്ന് വാഹനം കരയ്‌ക്കെടുത്തത്. വാഹനത്തിന്റെ പുറകുവശത്തെ ചില്ല് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കാര്‍ മുങ്ങിത്താഴുന്നത് കണ്ടത്. നിമിഷ നേരം കൊണ്ട് കാര്‍ കാണാന്‍ പോലും ആകാത്ത വിധം മുങ്ങിപ്പോയെന്നാണ് ദൃക്സാക്ഷി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസും ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അരമണിക്കൂറിലധികം എടുത്താണ് കാര്‍ കണ്ടെത്താനായത്. കാര്‍ പുറത്തെത്തിച്ചപ്പോള്‍ ഉള്‍വശം ചെളി നിറഞ്ഞ നിലയിലായിരുന്നു.

രണ്ട് പേരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും സഞ്ചരിച്ച കാര്‍ എറണാകുളത്ത് നിന്നും വാടകയ്ക്ക് എടുത്തതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button