കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളില്‍ പ്രമുഖനാണ്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ല്‍ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 2015ല്‍ പ്രായാധിക്യത്തെ തുടന്ന് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവായി. സിപിഎമ്മില്‍ എല്ലാക്കാലത്തും വിഎസ് വിരുദ്ധ ചേരിയിലെ നേതാവായിരുന്നു എംഎം ലോറന്‍സ്. പാലക്കാട് സമ്മേളനത്തില്‍ വെട്ടി നിരത്തപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.
Post Your Comments