ബെയ്റൂട്ട്: ലെബനനിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. ഹിസ്‌ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ലബനൻ ഉപയോഗിക്കുന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. എത്ര വാക്കിടോക്കികൾ പൊട്ടിത്തെറിച്ചെന്ന് വ്യക്തമല്ല. മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ചില സ്ഥലങ്ങളിൽ ലാൻഡ്‌ലൈൻ ടെലിഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് വരുന്നുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ലെബനനിൽ വാക്കിടോക്കി സ്ഫോടനങ്ങൾ ഉണ്ടായത്. തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും വാക്കിടോക്കികൾ പൊട്ടിത്തെറിക്കുകയായിരുന്നു. ബയ്‌റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്. ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയും വാക്കിടാക്കി സ്ഫോടനമുണ്ടായി.
അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടാക്കികളും. പേജറുകളിൽ സ്ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് ഇസ്രയേൽ ചാരസംഘടനയായ മോസാദ് സ്ഫോടനങ്ങൾ നടത്തിയത്.
ലെബനനിലെ ഈ വാക്കിടോക്കി, പേജർ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച തന്നെ യോഗം ചേരുമെന്നാണ് യു എൻ അറിയിച്ചിരിക്കുന്നത്. അതേസമയം ഈ സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നു. എന്നാൽ ഈ സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
Post Your Comments