ആലപ്പുഴ: കുട്ടനാട്ടിൽ ഭാര്യയുടെ കാമുകനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച പ്രതി പിടിയിലായി. കലവൂർ സ്വദേശി സുബിനെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ ആലപ്പുഴയിലെ രാമങ്കരിയിൽ വേഴപ്ര സ്വദേശി ബൈജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബൈജു ചികിത്സയിലാണ്. സുബിന്റെ ഭാര്യ ഇയാളുമായി പിണങ്ങി ബൈജുവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനെ തുടർന്നാണ് ബൈജുവിന്റെ വീട്ടിൽ കയറി വെട്ടിയ ശേഷം സുബിൻ ഭാര്യയെ പിടിച്ചുകൊണ്ട് പോയത്. ഇയാൾ പിടിച്ചുകൊണ്ടുപോയ യുവതിയേയും കണ്ടെത്തിയിട്ടുണ്ട്.
കുറച്ചുനാളായി സുബിനും ഭാര്യയും പിണക്കത്തിലായിരുന്നു. ഓണത്തിന് മുമ്പാണ് യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. പുലർച്ചെ രണ്ടുമണിയോടെ നീന്തിയാണ് സുബിൻ ബൈജുവിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് അവിടത്തന്നെ ഉണ്ടായിരുന്ന വാക്കത്തിയെടുത്താണ് ആക്രമിച്ചത്.
ബൈജുവിന്റെ കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. മാരകമായി വെട്ടേറ്റ ബൈജു ബോധരഹിതനായി വീണതോടെ സുബിൻ യുവതിയുമായി നീന്തി സ്ഥലംവിട്ടു. ഏറെ നേരം കഴിഞ്ഞ് ബാേധം വീണപ്പോഴാണ് താൻ ആക്രമിക്കപ്പെട്ട വിവരം ബൈജു കൂട്ടുകാരെ വിളിച്ചറിയിച്ചത്. അവരെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ച് ഏറെ അവശനായിരുന്നു ബൈജു. തുടർന്ന് കൂട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments