ആഗ്ര:ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില്‍ കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്നൗവിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു. മേയ് 10നായിരുന്നു സംഭവം. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ കെണിയില്‍പ്പെടുത്തിയത്.
സമൂഹമാധ്യമത്തില്‍ലെ പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. 30,000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് രാകേഷ് കുമാര്‍ എന്നയാള്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് യുവതി 15,000 രൂപ ഓണ്‍ലൈനായി അയച്ചു നല്‍കി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര – ലക്നൗ എക്‌സ്പ്രസ് വേയില്‍ എത്താനായിരുന്നു നിര്‍ദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വര്‍മയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇതിനിടെ ബലാത്സംഗ രംഗം ഇവര്‍ ക്യാമറയില്‍ പകര്‍ത്തി. പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെ എക്സ്പ്രസ്വേയില്‍ ഉപേക്ഷിച്ച് സംഘം മുങ്ങി. സംഭവം നടന്നയുടന്‍ ന്യൂ ആഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി പോയെങ്കിലും, ലക്നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും യുവതി ആരോപിച്ചു. പിന്നീട് ലക്‌നൗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് ലക്നൗ പൊലീസ് അറിയിച്ചത്.
Post Your Comments