കൊച്ചി: സുഭദ്രയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന്‍ രാജീവിന്റെ സംശയം. സുഭദ്ര പതിവായി യാത്രകള്‍ നടത്തുമെങ്കിലും അക്കാര്യം രാജീവിനോട് പറയുമായിരുന്നു. ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട നല്‍കിയത്.
എല്ലാ ദിവസവും വൈകീട്ട് സുഭദ്രയ്ക്ക് ഭക്ഷണവുമായി രാജീവ് വീട്ടിലെത്താറുണ്ട്. ഓഗസ്റ്റ് 3ന് വൈകീട്ട് 6ന് ഭക്ഷണവുമായി എത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാജീവ് പിറ്റേന്നും ഭക്ഷണവുമായെത്തി. അപ്പോഴും വീട് അടഞ്ഞു തന്നെ. ഇതോടെ സുഭദ്രയുടെ കൂട്ടുകാരിയും അയല്‍വാസിയുമായ തേനാംപറമ്പില്‍ ഡെയ്‌സിയുടെ അടുത്തെത്തി കാര്യം പറഞ്ഞിരുന്നു.
അമ്മയെക്കുറിച്ച് വിവരമില്ലാതായതോടെ 7-ാം തീയതി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മറ്റൊരു മകന്‍ രാധാകൃഷ്ണനാണ് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്. സുഭദ്രയുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ദമ്പതിമാരിലേക്ക് അന്വേഷണമെത്തിയത്. സുഭദ്രയെ കാണാതായ ദിവസം ശര്‍മിളയ്‌ക്കൊപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Read Also: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത് ഓഗസ്റ്റ് 4ന് ശര്‍മിളയ്‌ക്കൊപ്പം സുഭദ്ര നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ്. ഈ ദൃശ്യവുമായാണ് കരിത്തലയിലെ സമീപ വീടുകളില്‍ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസെത്തിയത്. അവര്‍ക്ക് പലര്‍ക്കും സുഭദ്രയുടെ സുഹൃത്ത് ശര്‍മിളയെ അറിയാമായിരുന്നു. ശര്‍മിളയ്‌ക്കൊപ്പം സുഭദ്ര നടന്നുപോകുന്നത് താന്‍ കണ്ടിരുന്നെന്ന് സമീപവാസിയായ നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീര്‍ഥാടന യാത്രയ്ക്കിടെയാണ് ശര്‍മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ് ബന്ധം ദൃഢമായി. ശര്‍മിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യും. തിരിച്ച് സുഭദ്രയും ആലപ്പുഴയിലെ ശര്‍മിളയുടെ വീട്ടിലേക്ക് പോയിരുന്നു.
കാണാതായ ദിവസം ഉച്ചകഴിഞ്ഞ് 3ന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവര്‍ സുഹൃത്ത് ശര്‍മിളയ്‌ക്കൊപ്പം പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം കിട്ടിയിരുന്നു. ഇതോടെയാണ് ശര്‍മിളയ്‌ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പോലീസ് ഉറപ്പിച്ചത്. പതിവായി സാരി ഉപയോഗിക്കുന്ന ഇവര്‍ കാണാതായ ദിവസം ചുരിദാറായിരുന്നു ധരിച്ചിരുന്നത്.
ഗാന്ധിനഗറിലും ചോറ്റാനിക്കരയിലുമായി രണ്ട് മക്കള്‍ താമസിക്കുന്നുണ്ടെങ്കിലും ഇവരെ ആശ്രയിക്കാതെ സ്വന്തമായി പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ രീതി. ആര്‍ക്കൊക്കെ പണം കടം നല്‍കിയിട്ടുണ്ടെന്നുള്ള വിവരം മറ്റാര്‍ക്കുമറിയില്ല.
ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാന്‍ മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments