കോഴിക്കോട്: സംസ്ഥാനത്തെ ദുരന്തമേഖലകളില്‍ അപായസൂചനയുമായി ഇനി വിവിധ ശബ്ദങ്ങളില്‍ സൈറണുകള്‍ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ‘കവചം’ പദ്ധതിയുടെ ഭാഗമായുള്ള സൈറണുകളാണ് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാകുമ്പോള്‍ തീവ്രതയ്ക്കനുസരിച്ച് നിറങ്ങള്‍ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക.
Read Also: സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ പാനീയം നൽകി കൊലയും മോഷണവും, മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
126 സൈറണുകളില്‍ 91 എണ്ണം നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജന്‍സികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകള്‍ ഈ സംവിധാനം വഴി അറിയിക്കാനാവും.
പ്രളയവും ഉരുള്‍പൊട്ടലുമടക്കമുള്ള ദുരന്തങ്ങളാല്‍ പ്രയാസപ്പെടുന്ന സംസ്ഥാനത്തെ മേഖലകളില്‍ ഈ സംവിധാനം വലിയരീതിയില്‍ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
മൂന്ന് നിറങ്ങള്‍, എട്ട് സ്പീക്കറുകള്‍
ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങള്‍ പ്രകാശിപ്പിക്കുന്ന സ്‌ട്രോബ് ലൈറ്റിനോടൊപ്പം സ്ഥാപിച്ചിട്ടുള്ള എട്ട് ലൗഡ് സ്പീക്കറുകളിലൂടെ സൈറണ്‍ ശബ്ദത്തിനു പുറമേ മുന്നറിയിപ്പ് സന്ദേശവും നല്‍കാം. 1200 മീറ്റര്‍ ദൂരത്തില്‍വരെ ശബ്ദം കേള്‍ക്കാനാവും.
ദുരന്തസാധ്യതയുള്ള സമയങ്ങളില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ക്യാമ്പുകളുടെ വിവരങ്ങളും ഇതിലൂടെ നല്‍കാനാവും. സൈറണിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്താനായി ഇതോടൊപ്പം പ്രത്യേക ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും മുകളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. തറനിരപ്പില്‍നിന്ന് 13 മുതല്‍ 15 മീറ്റര്‍വരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള സൈറണ്‍ അഞ്ചുമീറ്റര്‍ നീളമുള്ള കമ്പിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.
നിയന്ത്രണം ആപ്പിലൂടെ
ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം, ജില്ലാ, താലൂക്ക് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ‘കവചം’ ആപ്പിലൂടെ സൈറണുകള്‍ നിയന്ത്രിക്കാം. ഇന്റര്‍നെറ്റ് വഴിയാണ് സൈറണുകളെയും ഓഫീസുകളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണുകളിലേക്ക് അടിയന്തരസന്ദേശം നല്‍കാനും ആപ്പിലൂടെ സാധിക്കും.
പൊതുജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് നിലവില്‍ മഴമുന്നറിയിപ്പുകള്‍ എസ്.എം.എസ്. സന്ദേശമായി നല്‍കുന്നത് ഈ ആപ്പിലൂടെയാണ്.
ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍നിന്നാണ് കവചം സംവിധാനത്തിന്റെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുന്നത്.
കൂടുതല്‍ തിരുവനന്തപുരത്തും എറണാകുളത്തും
തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ സൈറണുകള്‍ സ്ഥാപിക്കുന്നത്-13 എണ്ണം. അഞ്ചെണ്ണം വീതമുള്ള കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ്. 86 സൈറണുകളുടെ പ്രവര്‍ത്തനപരീക്ഷണം കഴിഞ്ഞ ജൂണ്‍ 11-ന് നടന്നു.
Post Your Comments