റിയാദ്: സൗദി അറേബ്യയിൽ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളുമാണ് മരിച്ചത്. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറ്കടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിൽവെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഇവരുടെ 11 വയസ് പ്രായമുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കനത്ത മഴയെ തുടർന്ന് വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. വാഹനം 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിനെത്തി. റെസ്ക്യൂ ടീം മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
Post Your Comments