കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത. താരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ട് ചേരിയിലായി തര്‍ക്കിച്ചതോടെയാണ് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവര്‍ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷന്‍ രാജി പ്രഖ്യാപനം നടത്തിയത്.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാജിപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ വികാരാധീനനായി. പുതിയ ഭരണസമിതി വൈകരുതെന്ന് യുവതാരങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതുവരെ താത്കാലിക ഭരണസമിതി തുടരുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments