തിരുവനന്തപുരം: സംസ്ഥാനത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ മാത്രമല്ല, ചില പുരുഷന്മാരും ഹേമ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
പല കാര്യങ്ങളിലും പ്രതികരിച്ചത് കൊണ്ട് മാത്രം പല സിനിമകളില്‍ നിന്നും അവസരങ്ങള്‍ നഷ്ടപ്പെട്ടതും ഒഴിവാക്കിയതും എല്ലാം ഇവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വില്ലന്‍ വേഷങ്ങളിലൂടെ കയ്യടി നേടിയ സുധീര്‍ തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമയിലെ ഒരു സ്ത്രീ തന്നെ മൂന്നു വര്‍ഷക്കാലം ഉപയോഗിച്ചു എന്നാണ് സുധീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തല്‍ ഭാര്യ പ്രിയയും താരത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ തനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
‘എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചു കൊണ്ടിരുന്നു. അവര്‍ എന്നെ കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നിരുന്നു. വലിയൊരു ആളാണ്. അവരുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. അവര്‍ പറയുന്ന ജോലിയൊക്കെ ചെയ്യണം. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ എവിടെപ്പോയി പരാതി പറയും? എനിക്കാര് നീതി തരും? എനിക്ക് നീതി തരണം എന്ന് പോയി കോടതിയില്‍ പറഞ്ഞാല്‍ എനിക്ക് നീതി കിട്ടുമോ?’ എന്നാണ് താരം ചോദിക്കുന്നത്.
‘എന്ത് പേരായിരിക്കും നിങ്ങള്‍ എന്നെ ഇനി വിളിക്കുക. ഞാന്‍ നുണ പറയാറില്ല. ഞാന്‍ സത്യമേ പറയാറുള്ളൂ. എന്റെ ഭാര്യയെ അടുത്തിരുത്തിയാണ് ഞാനിത് പറയുന്നത്. അവസാനമാണ് ഇത് ചതിയാണെന്ന് അറിയുന്നത് . ഞാന്‍ ഭാര്യയോട് കാര്യം പറഞ്ഞു. അവരുടെ റിയല്‍ എസ്റ്റേറ്റും കാര്യങ്ങളുമൊക്കെ ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നത്’, സുധീര്‍ പറയുന്നു. അതേസമയം, അവരുടെ ഏക്കറു കണക്കിന് സ്ഥലം എഴുതി തരാം, പുള്ളിയെ വിട്ടു കൊടുക്കുമോ എന്നവര്‍ എന്നോട് ചോദിച്ചു എന്ന് ഭാര്യ പ്രിയയും പറയുന്നുണ്ട്.
‘ഇതൊക്കെ പറയാന്‍ ആര്‍ക്കാണ് ഇന്‍ഡസ്ട്രിയില്‍ ധൈര്യമുള്ളത്. എനിക്ക് അതിനുള്ള ചങ്കൂറ്റമുണ്ട്. എന്റെ ഭാര്യയേയും പിള്ളേരേയും ബോധിപ്പിച്ചാല്‍ മതി എനിക്ക്. എന്റെ ആരോഗ്യവും സിക്സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുക? എന്നെ ആരു കേള്‍ക്കും. ഇതിന് താഴെ എന്നെ കുണ്ടന്‍ എന്ന് വിളിച്ചേക്കാം. ആയിക്കോട്ടെ, ലോകം ഇതാണ്’,സുധീര്‍ പറയുന്നു.
സിനിമ തുടങ്ങിയ കാലം തൊട്ട് ഈ പ്രവണതയുണ്ട്. എല്ലാ ഭാഷകളിലും ഉണ്ട്. ആരും ആരേയും കയറി പിടിക്കുന്നതല്ല. എന്റെ കൂടെ വരുന്നോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞാല്‍ പീഡിപ്പിക്കാന്‍ വരില്ല എന്നാണ് സുധീര്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സുധീറിന്റ പ്രതികരണം.
Post Your Comments