Latest NewsIndia

പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ഇന്നലെ സമരസമിതി നേതാക്കൾ സിബിഐ ഓഫീസിലെത്തി അന്വേഷണ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

അതേസമയം മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ ഇന്നും ചോദ്യം ചെയ്യും. ഘോഷിന്റെ ചോദ്യം ചെയ്യൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോപണങ്ങൾ അന്വേഷിക്കാനും കൊൽക്കത്ത ഹൈക്കോടതി ഇന്നലെ സിബിഐയോട് നിർദേശിച്ചിരുന്നു. ഘോഷിന്റെ നുണപരിശോധനയ്ക്ക് നേരത്തെ കോടതി അനുമതി നൽകിയിരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ.

കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്. ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധന​ഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ റോയ് സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു.

സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത് ഹെഡ്സെറ്റും കണ്ടെത്തിയിരുന്നു. റോയിയെ ഓ​ഗസ്റ്റ് പത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാൾ അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോ​ഗസ്ഥരോട് വിവരിച്ചതായും അധികൃതർ പറഞ്ഞു.‌ നിരവധി അശ്ലീലവീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയി‌ട്ടുണ്ട്.

ഓ​ഗസ്റ്റ് 18നായിരുന്നു പ്രതിയെ സൈക്കോ അനലിറ്റിക്കൽ ടെസ്റ്റിന് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിനെ സമീപിക്കുന്നത്. കൂട്ടബലാത്സം​ഗത്തിൻ്റെ സാധ്യതകൾ ചർച്ചയായിരുന്നുവെങ്കിലും കൂട്ട ബലാത്സം​ഗത്തിനിരയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തിൽ സൂചന ലഭിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ആന്തരിക പരിക്കുകൾ ഉൾപ്പെടെ 20ലധികം മുറിവുകളാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.

ശ്വാസംമുട്ടിയായിരുന്നു ഡോക്ടറുടെ മരണം.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെതിരെയും ​മൃതദേഹക്കടത്ത് ഉൾപ്പെടെ ​ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. കോൺട്രാക്ടർാമാരിൽ നിന്നും ഘോഷ് കമ്മീഷൻ വാങ്ങിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകുകയും പരീക്ഷകളിൽ ജയിപ്പിക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയിരുന്നുവെന്നുമാണ് ഘോഷിനെതിരെയുള്ള മുൻ സഹപ്രവർത്തകന്റെ ആരോപണം. ഇതിന് പിന്നാലെ ഇയാൾ ഭാര്യയെ മർദിക്കുമായിരുന്നുവെന്ന ആരോപണം അയൽവാസികളും ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button