Latest NewsNewsIndia

കുടുംബവഴക്ക് ഒത്തുതീര്‍പ്പിന് എത്തിയ അച്ഛന്റെ കാര്‍ ഇടിച്ച് തെറിപ്പിച്ച് മകന്‍:5 പേര്‍ക്ക് പരിക്ക്,2 പേരുടെ നില ഗുരുതരം

മുംബൈ: കുടുംബവഴക്ക് റോഡിലേക്ക് നീണ്ടതോടെ യുവാവ് കുടുംബാംഗങ്ങളെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പുറമേ വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ അംബേര്‍നാഥിലാണ് നടുറോഡില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. അംബേര്‍നാഥ് സ്വദേശിയായ ബിന്ദ്വേശര്‍ ശര്‍മയാണ് പിതാവും കുടുംബവും സഞ്ചരിച്ച കാറില്‍ തന്റെ വാഹനമിടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Read Also: വസ്ത്രങ്ങളും വളകളും വാങ്ങാന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം വേണം: യുവതിക്ക് മറുപടിയുമായി കോടതി

ബിന്ദ്വേശര്‍ ശര്‍മയും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കാനായി ബിന്ദേശ്വറിന്റെ പിതാവ് സതീഷ് ശര്‍മ ഭാര്യയ്ക്കും ഇളയമകള്‍ക്കും ഒപ്പം മുംബൈയില്‍നിന്ന് കാര്‍ മാര്‍ഗം ഡ്രൈവറെയും കൂട്ടി അംബേര്‍നാഥിലെത്തി. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ മകനെ അവിടെ കണ്ടില്ല. ഇതോടെ മരുമകളെ സമാധാനിപ്പിച്ചശേഷം ഇവര്‍ കാറില്‍ തിരികെ മുംബൈയിലേക്ക് മടങ്ങി.

സതീഷ് ശര്‍മയും മകനും തമ്മിലും നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. മടക്കയാത്രയ്ക്കിടെ മകന്‍ കാറില്‍ തങ്ങളെ പിന്തുടരുന്നത് സതീഷ് ശര്‍മയും കുടുംബവും ശ്രദ്ധിച്ചു. ഇതോടെ സതീഷിന്റെ ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തുകയും ഇവര്‍ പുറത്തിറങ്ങുകയും ചെയ്തു. മകനും കാര്‍ നിര്‍ത്തി സംസാരിക്കാന്‍ വരുമെന്നായിരുന്നു ഇവരുടെ ധാരണ. എന്നാല്‍, ബിന്ദേശ്വര്‍ ശര്‍മ വാഹനം നിര്‍ത്താതെ പുറത്തിറങ്ങിയവരെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുനീങ്ങി. പിന്നാലെ വാഹനം തിരിച്ച് പിതാവും കുടുംബവും സഞ്ചരിച്ച വാഹനത്തിലിടിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ സതീഷ് ശര്‍മയുടെ വാഹനം പത്തടിയോളം പിന്നോട്ട് നീങ്ങി റോഡിലുണ്ടായിരുന്ന രണ്ട് ബൈക്കുകളിലിടിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സതീഷ് ശര്‍മയുടെ ഡ്രൈവറുടെയും ഒരു ബൈക്ക് യാത്രക്കാരന്റെയും നില ഗുരുതരമാണ്. അതേസമയം, സംഭവത്തിന് പിന്നാലെ ബിന്ദേശ്വര്‍ ശര്‍മ വാഹനവുമായി കടന്നുകളഞ്ഞെന്നാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button