കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുതായി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും നടിയുമായ മിമി ചക്രവര്‍ത്തി. ഓഗസ്റ്റ് 20-ന് താരം പങ്കിട്ട പോസ്റ്റില്‍ ഇത്തരം സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിരിക്കുന്നു. പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തെയും മിമി ടാഗ് ചെയ്തു.
”ഞങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെടുകയാണോ? ഇവയില്‍ ചിലത് മാത്രം. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്, വിഷമുള്ള പുരുഷന്മാര്‍ ബലാത്സംഗ ഭീഷണികള്‍ സാധാരണമാക്കിയിടത്ത്. എന്ത് വളര്‍ത്തലും വിദ്യാഭ്യാസവുമാണ് ഇത് അനുവദിക്കുന്നത്? മിമി പങ്കുവെച്ചു.
കൊല്‍ക്കത്തയില്‍ പ്രസ്തുത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് താരം നേരിട്ട് പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 14 ന് രാത്രി നടന്ന പ്രതിഷേധത്തില്‍ മിമിയെ കൂടാതെ റിദ്ദി സെന്‍, അരിന്ദം സില്‍, മധുമിത സര്‍കാര്‍ തുടങ്ങിയ അഭിനേതാക്കളും പങ്കെടുത്തു. ജാദവ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് (എംപി) അംഗമായിരുന്നു മിമി ചക്രവര്‍ത്തി
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൃതദേഹത്തില്‍ ആകെ 14-ല്‍ അധികം മുറിവുകളുണ്ട്. തല, കവിളുകള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോള്‍, കാല്‍മുട്ട്, കണങ്കാല്‍ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകള്‍. ഇവയെല്ലാം തന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണ്.
കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം സ്ഥിരീകരിച്ചത്. ‘യുവതിയുടെ ജനനേന്ദ്രിയത്തില്‍ ബലംപ്രയോഗിച്ചതിന്റെ മെഡിക്കല്‍ തെളിവുകളുണ്ട് – ഇത് ലൈംഗികാതിക്രമത്തിനുള്ള സാധ്യത വ്യക്തമാക്കുന്നതാണ്,’ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
Leave a Comment