KeralaLatest NewsNews

അതിശക്തമായ കാറ്റും കനത്ത മഴയും: മധ്യ കേരളത്തിലെ 3 ജില്ലകള്‍ക്ക് മുന്നറിയിപ്പ്, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പുതിയ റഡാര്‍ ചിത്ര പ്രകാരം മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read Also: ആഡംബര നൗക കൊടുങ്കാറ്റടിച്ച് കടലിൽ മുങ്ങി: മോര്‍ഗന്‍ സ്റ്റാന്‍ലി ചെയര്‍മാന്‍ ഉള്‍പ്പെടെ ആറുപേരെ കാണാതായി

രണ്ട് ചക്രവാതചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമൂലം ശക്തമായ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചയെയും പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശിയതോടെ പലയിടത്തും മരം കടപുഴകി വീണു. കനത്ത കാറ്റില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയില്‍ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാല്‍ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ സര്‍വീസ് വൈകി. കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയില്‍ പിടിച്ചിട്ടു.

ട്രാക്കില്‍ മരം വീണതിനാല്‍ ആലപ്പുഴ വഴിയും കോട്ടയംവഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവില്‍ വൈകിയോടുന്നത്. ഇന്നും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടുകളുണ്ടാകാന്‍ സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button