![](/wp-content/uploads/2024/07/1-20.png)
കോട്ടയം: ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി. കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പോലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
താൻ വിവാഹിതനല്ലെന്നും ഡിവൈ.എസ്.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പോലീസുകാർ കേൾക്കാൻ കൂട്ടാക്കാതെ പരിഹസിച്ചു. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പോലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു. അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
Post Your Comments