Latest NewsIndia

ക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ആശുപത്രിയിലെ റാക്കറ്റിനെ കുറിച്ച് ‘പല കാര്യങ്ങളും അറിയാമായിരുന്നു’: ബന്ധുക്കൾ

കൊൽക്കത്ത: വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ​ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും സഹപ്രവർത്തകരും. സംഭവത്തിന് പിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആരോപണം. കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർക്ക് ‘പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണ് സഹപ്രവർത്തകർ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ആശുപത്രി കേന്ദ്രീകരിച്ചു മരുന്നു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു എന്നുമാണ് സഹപ്രവർത്തകർ പറയുന്നത്. കൊലപാതകത്തിന് ഇതാകാം കാരണമെന്ന സംശയവും ഇവർ ഉയർത്തുന്നുണ്ട്.

കൊല്ലപ്പെട്ട ഡോക്ടറുടെ ഡയറിയിൽ പല വിവരങ്ങളുമുണ്ടെന്നാണ് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നു വൻ സമ്മർദമുണ്ടായതായി ഡോക്ടർ ഡയറിയിൽ എഴുതിയിരുന്നു എന്നും സഹപ്രവർത്തകർ വ്യക്തമാക്കുന്നു. തുടർച്ചയായി 36 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടത്തെ രീതിയാണെന്നും അവർ പറഞ്ഞു.

മകളുടെ കൊലപാതകത്തിൽ ചില സഹപ്രവർത്തകരുടെ പങ്കു സംശയിക്കുന്നതായി മാതാപിതാക്കളും സിബിഐക്കു മൊഴി നൽകിയിരുന്നു. ഏതാനും ഡോക്ടർമാരുടെ പേരുകളും അവർ പരാമർശിച്ചിരുന്നു. അതേസമയം, അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിൽ സിബിഐക്കു തെളിവുകൾ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തിൽനിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങൾ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാർ ഹാളിൽനിന്ന് പ്രതിയുടെ ഇയർ ഫോണും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button